കൊല്ലം: കരാർ ലംഘിച്ചതു കൊണ്ടാണ് മാലിന്യ സംസ്‌കരണ ടെണ്ടറില്‍നിന്ന് സോണ്‍ട ഇന്‍ഫ്രാടെക്ക് കമ്പനിയെ ഒഴിവാക്കിയതെന്ന് കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റ്. 25 ശതമാനം തുക കമ്പനി മുന്‍കൂറായി ആവശ്യപ്പെട്ടു. കരാറില്‍ സെക്യൂരിറ്റി നല്‍കാനും കമ്പനി തയ്യാറായില്ല. സോണ്‍ടയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ആയിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
സോണ്‍ടയുമായുള്ള കരാര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് 2019-20 ലെ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് 2020ല്‍ നിലവില്‍ വന്ന ഞങ്ങളുടെ കൗണ്‍സിലിന് ഈ വിഷയം ആദ്യം തന്നെ പരിശോധിക്കേണ്ടിവന്നു. കാരണം, മാലിന്യനീക്കം നിശ്ചിതകാലയളവിനുള്ളില്‍ നടത്തിയില്ലെങ്കില്‍ ആറുകോടി രൂപയോളം അടയ്ക്കണമെന്ന് ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദേശം വന്നിരുന്നു. അതിനാലാണ് നിലവിലെ കൗണ്‍സില്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ വിഷയം തന്നെ ആദ്യംതന്നെ പരിഗണിച്ചത്. അപ്പോഴാണ് സോണ്‍ട കമ്പനിയുടെ കരാറിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.